
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.