സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ വേണം, നബീസുമ്മയെ വിമർശിച്ച സഖാഫിയെ പിന്തുണച്ച് കാന്തപുരം
കോഴിക്കോട് : മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം അബൂബക്കർ മുസലിയാർ. സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ കൂടെ വേണമെന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ. അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം. ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം പറഞ്ഞു.
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ ഉണ്ടാകണ്ടേ?. ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് നല്ലത്. നിങ്ങൾ ഭാര്യയെ ഒറ്റയ്ക്ക് വിടുമോയെന്നും’ എ.പി. അബൂബക്കർ മുസ്ലിയാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. 25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുകയാണ് വേണ്ടത്. എന്നാൽ ഏതോ നാട്ടിൽ പോയി മഞ്ഞിൽ കളിക്കുകയാണ്, ഇതാണ് ജീവിതം എന്ന് മറ്റുള്ളവരോട് പറയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകൾക്കൊപ്പം മണാലി കാണാൻ പോയത്. ‘ഞമ്മളെ ഫ്രണ്ട്സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ’ എന്ന നബീസുമ്മയുടെ മണാലി റീൽ വൈറലായിരുന്നു.