മാറനല്ലൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി 10 പവന് കള്ളന് കൊണ്ടുപോയി
മലയിന്‍കീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂര്‍, ഇടത്തറ ക്ഷേത്രത്തിന് സമീപം രതീഷിന്റെ അനസ്വരം വീട്ടില്‍ നിന്നും 10 പവന് സ്വര്‍ണം മോഷ്ടാവ് കവര്‍ന്നു.
ശനിയാഴ്ച വൈകിട്ട് 6.30 തോടെ രതീഷും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളുമായി ശംഖുംമുഖത്തേക്ക് പോയശേഷം രാത്രി 11 ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്തിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്മലും വളയും മോതിരങ്ങളുമടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പുറക് വശത്തെ വാതിലുകള്‍ തകര്‍ത്താണ് കള്ളന് അകത്ത് കയറിയിരിക്കുന്നത്. കിടപ്പ് മുറിയിലും മറ്റും അലമാരയിലെ വസ്ത്രങ്ങളും സാധനങ്ങളും ഒക്കെ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും, ഫോറന്‍സിക് സംഘവും പൊലിസും സ്ഥലത്ത് പരിശോധന നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച സമാനായ രീതിയില്‍ മാറനല്ലൂര്‍, മേലാരിയോട് സുപ്രിയ ഭവനില്‍ നിന്നും സ്വര്‍ണഭരണങ്ങള്‍ പട്ടാപകല്‍ മോഷണം പോയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവും, സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച് സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നത്. ഇക്കാര്യത്തിലും പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല.