ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടിൽ നിന്ന് അഫാന്റെ അരികിലേക്ക് ഫർസാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉമ്മയെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചതിന് ശേഷം അഫ്നാൻ നേരെ പോയത് ബാറിലേക്കാണ്.
ട്യൂഷനെടുക്കാനെന്ന് പറഞ്ഞു, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫർസാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫർസാന എത്തുന്നത്. അതേസമയം, ഫർസാനയുടെ വീട്ടിൽ ദയനീയമായ കാഴ്ച്ചകളാണ് കാണുന്നത്. അച്ഛനും അമ്മയും സഹോദരനും തകർന്ന നിലയിലാണ്. എന്താണ് സംഭവിച്ചതെന്നും പോലും ആ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല.
രാവിലെ പേരുമലയിലെ വീട്ടിൽ ഉമ്മയെയും, പാങ്ങോടുള്ള വീട്ടിൽ ഉമ്മുമ്മയെയും, എസ് എൻ പുരത്തെ വീട്ടിൽ ബന്ധുക്കളെയും ആക്രമിച്ചതിന് ശേഷമാണ്, അഫാൻ വെഞ്ഞാറമൂടിലെ ബാറിലേക്ക് എത്തിയത്.10 മിനിറ്റോളം ബാറിൽ ഇരുന്ന് മദ്യപിച്ചു. മദ്യക്കുപ്പി വാങ്ങി കയ്യിൽ കരുതി. ഫർസനയെയും അഫ്സാനെയും കൊന്നതിനു ശേഷം അഫാൻ വീണ്ടും മദ്യപിച്ചതായും പൊലീസ് പറയുന്നു. ഒരു കൂസലുമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.
ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ ഉമ്മ ഷമീനയുടെ ആരോഗ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഷെമിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും മൊഴിയെടുപ്പ്. സംഭവദിവസം നടന്ന കാര്യങ്ങളിലും, അഫാന്റെ സ്വഭാവരീതികളിലും എല്ലാം വ്യക്തത ലഭിക്കണമെങ്കിൽ ഷമീനയുടെമൊഴി നിർണായകമാണ്.