News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവുമാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചലിൽ ഏദൻസ് പാർക്ക് ഗ്ലോബൽ എന്ന സ്ഥാപനത്തിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിനീഷിനെയും ലിനുവിനെയും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 50 ലക്ഷത്തിലധികം രൂപ കമ്മീഷനായി വാങ്ങിയിരുന്നു. ഏതാനും പേരെ വിദേശത്ത് എത്തിക്കുകയും ചെയ്തു.

ഇവർക്കാകട്ടെ പറഞ്ഞ ജോലിയോ ശമ്പളമോ താമസ സൗകര്യം പോലുമോ കിട്ടിയില്ല. പിന്നീട് പണം നൽകിയവരും കബളിപ്പിക്കപ്പെട്ടു. 2022ൽ അഞ്ചൽ പൊലീസ് കേസ് എടുത്തതോടെ വിനീഷും ലിനുവും ബിസിനസ് പങ്കാളി ടോണി സജിയും മുങ്ങി. വിനീഷും ലിനുവും വിദേശത്തേക്കാണ് കടന്നത്. ഏതാനും നാൾ മുമ്പ് തിരിച്ചെത്തിയ ഇവർ എറണാകുളത്ത് വ്യാജ പേരിൽ താമസിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. അഞ്ചൽ സ്റ്റേഷനിൽ മാത്രം 64 പേരാണ് പരാതി നൽകിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button