
ചാലക്കുടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കൂടപ്പുഴ ജനതാ റോഡ് പരിസരത്താണ് നാട്ടുകാർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് സംശയമുണ്ട്. തെരുവ് നായ ശല്യത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുൻപ് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഈ വർഷം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമെന്ന് കണക്കുകൾ പുറത്തുവന്നിരുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേർ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവർഷം 3,16,793 പേർക്ക് നായയുടെ കടിയേറ്റപ്പോൾ 26 പേർ പേവിഷബാധയേറ്റ് മരിച്ചു.