ശശി തരൂർ എം.പിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച്;രാഹുൽ ഗാന്ധി
ന്യൂഡൽഹി: ശശി തരൂർ എം.പിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് തരൂരിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിർദേശം ലഭിച്ച ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ തരൂർ എത്തി.
കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
രാഹുലും സോണിയയും തരൂരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചും, പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങൾ വിവാദമായിട്ടും നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ശശി തരൂർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പ്രസ്‌താവന പാർട്ടി നിലപാടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ ഖേര വിശദീകരിച്ചിരുന്നു. എന്നാൽ മറ്റു നേതാക്കളാരും അതേക്കുറിച്ച് പ്രതികരിച്ചില്ല. അന്താരാഷ്‌ട്ര വിഷയങ്ങളിൽ തരൂരിന്റെ വിശാല നിലപാടുകൾ മുൻപും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.