KeralaNews

വീണ ജോര്‍ജിനെതിരായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദന്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതല്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ആരോഗ്യ മന്ത്രിക്കെതിരെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു എന്ന കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ നൈനാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖംമൂടി ധരിച്ച് ഒരു പ്രതീകാത്മക കപ്പല്‍ ഏന്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഒരു പ്രതിഷേധ പ്രദര്‍ശനം നടത്തിയിരുന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ ബസ് തകരാറികുന്ന സാഹചര്യമുണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിച്ചു. ഇതിനിടെ ബസിന്റെ സൈഡിലെ ചില്ല് തകരുന്ന സാഹചര്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിക്കൊണ്ട് ജിതിന്‍ പി നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button