
ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക മാറി നല്‍കിയതായി പരാതി. ഇടുക്കി നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാന്‍സറിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്സ് നല്‍കിയതായാണ് ആരോപണം.
കമ്പംമെട്ട് സ്വദേശിയായ യുവതിയ്ക്ക് ആണ് നെടുംകണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ സംബന്ധമായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ആയ സമയത്ത് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം അറിയുന്നത്. കാന്‍സറിന് ഉള്‍പ്പടെയുള്ള രോഗത്തിന് നല്കുന്ന ഫോളിട്രാക്സ് 5 എം ജി ടാബ്ലറ്റ് ആണ് മാറി നല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനെയും ഗുരുതരമായി ബാധിക്കാമെന്നതിനാല്‍ സംഭവത്തില്‍ ആരോഗ്യ വകുപ്പിന് അടക്കം പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം. അതേസമയം ഗുളിക കൊടുക്കാന്‍ എടുത്തപ്പോള്‍ നഴ്സിന് മനസിലായെന്നും മാറ്റി നല്‍കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഈ വിവരം ആശുപത്രി റെക്കോര്‍ഡ്സില്‍ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.



