KeralaNews

രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി, വിശദമായ തെളിവെടുപ്പിന് അന്വേഷണ സംഘം

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.

യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിക്കും. രാഹുല്‍ കേസില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാര്‍ അടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചിട്ടുള്ളത്.

അതേസമയം രാഹുലിന്റെ അഭിഭാഷകര്‍ ഇന്നലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഇന്ന് വാദം നടത്തേണ്ടതില്ലെന്നാണ് പ്രതിഭാഗം തീരുമാനമെന്നാണ് സൂചന. കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഉണ്ടായശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button