
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ പ്രതിഷേധം തെരുവിലേക്ക്. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടേറിയേറ്റിലെ അനക്‌സ് ബ്ലോക്കിലെ ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തിയതിന് പിന്നാലെയായിരുന്നു സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്.
കെഎസ്‌യു ആണ് ആദ്യം പ്രകടനവുമായി എത്തിയത്. കെഎസ് യുവിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രകടനത്തിന്റെ ഭാഗമായി. വിദ്യാഭ്യാസ മേഖല ആര്‍എസ്എസിന് തീറെഴുതി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണം എന്നായിരുന്നു കെഎസ് യുവിന്റെ മുദ്രാവാക്യം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള കെഎസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു.
സിപിഐയുടെ വിദ്യാര്‍ഥി യുവജന സംഘടകളായ എഐഎസ്എഫും, എഐവൈഎഫും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിഎം ശ്രീയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ രക്തരൂക്ഷിത സമരം നേരിടേണ്ടിവരുമെന്നും എഐഎസ്എഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധത്തില്‍ കേരളം ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ കരാറിന്റെ പകര്‍പ്പ് എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. അതിനിടെ, പിഎം ശ്രീ വിഷയത്തില്‍ വി ശിവന്‍കുട്ടിക്ക് പിന്തുണയുമായി എബിവിപി രംഗത്തെത്തി. തൃശൂരിലാണ് എബിവിപി പ്രകടനം സംഘടിപ്പിച്ചത്. പ്രതീകാക്തക പൊന്നാട ചാര്‍ത്തിയായിരുന്നു എബിവിപിയുടെ പ്രകടനം.


