KeralaNews

നിപ മരണം;പാലക്കാട് ജില്ലയിലെ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍, കർശന നിർദ്ദേശം നൽകി കളക്ടർ

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏ‍ർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. പാലക്കാട് ജില്ലയിലുള്ളവ‍ർ മാസ്ക് ധരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. രണ്ട് പേ‍രെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെന്നും ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നും കളക്ടർ പറഞ്ഞു. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചുവെന്നും പ്രിയങ്ക ജി വ്യക്തമാക്കി.

അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

മരിച്ച 58 കാരന്‍ സഞ്ചരിച്ചതില്‍ കൂടുതലും കെഎസ്ആര്‍ടിസി ബസിലാണെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോയതും കെഎസ്ആർടിസി ബസിൽ തന്നെയാണ്. ഇദേഹത്തിൻ്റെ പേരകുട്ടികള്‍ പഠിക്കുന്ന സ്‌കൂളും താല്‍കാലികമായി അടച്ചു. മരിച്ചയാൾ പൊതു ഗതാഗതം ഉപയോഗിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ജൂലൈ 12നാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതല യോഗം ചേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button