
നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒരു സംഭവം നടന്നാല്‍ ആരായിരിക്കും ഗുണഭോക്താക്കള്‍ എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
എ കെ ശശീന്ദ്രന്റെ നിലപാടിന് എതിരെ ഇതിനോടകം വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. വനംമന്ത്രി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് വനംമന്ത്രി മാപ്പ് പറയണം. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കെണിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ നേരത്തെ വഴിക്കടവ് പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. സംഭവത്തില്‍ അനന്തുവിന് പുറമെ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.