
ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിളക്ക് തെളിയിക്കാനുള്ള ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിക്കൊപ്പം ഫ്‌ളൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനും ക്ഷണമുണ്ട്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ദശകങ്ങൾ പഴക്കമുള്ള ശക്തമായ ബന്ധത്തെയും സഹകരണത്തെയും പ്രകീർത്തിച്ചുകൊണ്ടാണ് നെതന്യാഹു മോദിക്ക് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഈ ക്ഷണത്തിന്റെ വിവരം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്‌സിലൂടെ പങ്കുവെച്ചത്. നെതന്യാഹുവിന്റെ ക്ഷണത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കരയിലും ആകാശത്തും ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പോരാടുകയാണെന്ന് വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച കാര്യം പ്രധാനമന്ത്രി മോദിയും സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, പശ്ചിമേഷ്യൻ മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.



