KeralaNews

നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന്; അംഗീകരിച്ച് സുപ്രീംകോടതി

ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ ഓഗസ്റ്റ് 3ന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ( എന്‍ബിഇ) അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷാ തീയതി നീട്ടണമെന്ന എന്‍ബിഇയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.

നേരത്തെ ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ പരീക്ഷ നടത്തുന്നതില്‍ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒറ്റ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ തീയതി മാറ്റി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന എന്‍ബിഇയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ജസ്റ്റിസ് പി കെ മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. പരീക്ഷയുടെ കാലതാമസത്തെ കുറിച്ച് എന്‍ബിഇയോടും കേന്ദ്രത്തോടും ചോദിച്ച കോടതി, ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ പരീക്ഷ നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. ‘നിങ്ങള്‍ക്ക് എന്തിനാണ് രണ്ട് മാസം കൂടി ? ഇത് മുഴുവന്‍ പ്രവേശന പ്രക്രിയയും വൈകിപ്പിക്കും,’- കോടതി നിരീക്ഷിച്ചു.

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള വെല്ലുവിളികളാണ് മാറ്റിവയ്ക്കലിന് പ്രധാന കാരണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) കെ എം നടരാജ് കോടതിയെ ധരിപ്പിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ നടത്തിയതായും നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കല്‍, കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പരീക്ഷാ തീയതി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എപ്പോള്‍ നടന്നാലും പരീക്ഷാ പ്രക്രിയയുടെ സമഗ്രതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരു മുന്‍ഗണനയായി തുടരണമെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു.

മെയ് 30-നാണ് പരീക്ഷയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടതി എന്‍ബിഇയെ വിമര്‍ശിച്ചു. ‘അതിനുശേഷം നിങ്ങള്‍ എന്താണ് ചെയ്തത്?’- ബെഞ്ച് ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് അധിക സമയം എടുക്കുന്നതെന്ന് എന്‍ബിഇ കോടതിക്ക് ഉറപ്പ് നല്‍കി. ‘ഒരു തരത്തിലും പരീക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’- എന്‍ബിഇ കോടതിയെ ധരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button