KeralaNews

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് നീക്കം. വിഞ്ജാപനം ഉടൻ പുറത്തിറക്കും. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഏകപ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളും തുടർ അന്വേഷണത്തിൽ പരിശോധിച്ചു. കോടതി നിർദ്ദേശിച്ച നാലു പ്രധാന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്.

രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്. ദിവ്യയുടെ ഔദ്യോഗിക ഫോൺ രേഖകൾ, ടി.വി.പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകൾ, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button