
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ തുടങ്ങുക.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമാണ ചുമതല. പദ്ധതി പ്രദേശം നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് വീട് നിർമ്മാണത്തിന് സജ്ജമായതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.
വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.