
ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി ‘എക്സി’ൽ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു
അൽപസമയം മുൻപാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് കൂടാതെ വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.
മോദിയുമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങും. ഇന്ത്യയുടെ ഈ നടപടി മൂലം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.



