KeralaNews

മെഡിക്കല്‍ കോളജ് അപകടം: കലക്ടറുടെ അന്വേഷണം ഇന്നാരംഭിക്കും; ബിന്ദുവിന്റെ സംസ്‌കാരം ഇന്നു നടക്കും

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിക്കും. അതേസമയം അപകടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും, മകള്‍ക്ക് ജോലിയും നല്‍കണണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, അടച്ചിട്ട കെട്ടിടമാണ് തകര്‍ന്നതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button