KeralaNews

‘പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശം’; ഡോ. ഹാരിസിനെതിരെ എംവി ഗോവിന്ദന്‍

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ലോകോത്തരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആതുരശുശ്രൂഷാമേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്തിരിയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് ആശുപത്രികളും മെഡിക്കൽ കോളജും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഉള്ള സംസ്ഥാനത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പരിഹരിക്കുകയും ചെയ്യും. എവിടെയെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ അത് പർവതീകരിച്ച് കാണിക്കുകയാണ്. അമേരിക്ക പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വിറങ്ങലിച്ചു നിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ തന്നെ ഒരു കേന്ദ്രമാണ് കേരളത്തിലെ ആരോ​ഗ്യമേഖലയെന്ന് എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോഴും, ആരോഗ്യമന്ത്രി ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണയ്ക്കുകയാണല്ലോ ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഡോക്ടറെ ആരെങ്കിലും പിന്തുണയ്ക്കുകയോ ഒക്കെ ചെയ്‌തോട്ടെ. അതിലൊന്നും അഭിപ്രായവ്യത്യാസമില്ല എന്ന് ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അറിയിച്ചപ്പോള്‍, നിങ്ങള്‍ എപ്പോഴും ചൂണ്ടിക്കാണിക്കാന്‍ ഇരിക്കുകയാണോ?, ചൂണ്ടിക്കാണിക്കേണ്ടത് ചൂണ്ടിക്കാണിച്ചാല്‍ മതി. എപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കേണ്ട എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ചൂണ്ടിക്കാണിക്കുക എന്നതു തന്നെ സര്‍ക്കാര്‍ വിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ്. അതാണ് കാര്യം. അല്ലാതെ ചൂണ്ടിക്കാണിച്ചാല്‍ ആര്‍ക്കാണ് എതിര്‍പ്പുള്ളത്?. നല്ല കാര്യം പറയാതിരിക്കുകയും, ഇമ്മാതിരി വിഷയങ്ങള്‍ പര്‍വതീകരിക്കുകയും ചെയ്യുകയാണ്. തന്റെ തുറന്നു പറച്ചിലിനെത്തുടര്‍ന്ന് സമരങ്ങള്‍ പാടില്ലെന്ന് ഡോക്ടര്‍ ഹാരിസ് പറഞ്ഞതു കൊണ്ടെന്താണ്?. ആരെങ്കിലും പറയുന്നത് അനുസരിച്ചാണോ പ്രതിപക്ഷം സമരം ചെയ്യാന്‍ പോകുന്നത്?. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന രീതിയിലുള്ള ഒരു പരാമര്‍ശം വന്നാല്‍ സ്വാഭാവികമായും അവരുടേതായ നിലയിലുള്ള പ്രതികരണം ഉണ്ടാകും. അത് വരികയും ചെയ്തുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഡോക്ടര്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അതു നടന്നല്ലോ ?. ലോകോത്തരമായ രീതിയിലുള്ള കേരളത്തിലെ ആരോഗ്യമേഖലയെ വല്ലാതെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിനാണ് അത് ഉപയോഗിച്ചത്. അത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മാധ്യമങ്ങളോടും പറയാനുള്ളതെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ടീം യുഡിഎഫ് എന്നൊന്നില്ല. ടീമില്ലാത്തതുകൊണ്ടല്ലേ ക്യാപ്റ്റനും മേജറും തുടങ്ങി മിലിട്ടറിയിലെ റാങ്കുകള്‍ മുഴുവനായി ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുന്നത്. സിപിഎമ്മിന് ഒരു ക്യാപ്റ്റനും ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ അങ്ങനെ എന്തെങ്കിലും പറയുന്നു എന്നുവെച്ച് ഞങ്ങള്‍ അത് പറയേണ്ട കാര്യമുണ്ടോ? . ഞങ്ങള്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിമര്‍ശിച്ച് ദേശാഭിമാനി
മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ്‌ ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിനെ വിമർശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിരുന്നു. ഇത്‌ തിരുത്തലല്ല, 
തകർക്കൽ എന്ന തലക്കെട്ടിലുള്ള മുഖപ്രസം​ഗത്തിൽ, ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും വ്യാജ പ്രചാരണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്നം പരിഹരിച്ചു. ഇത്‌ ആവർത്തിക്കാതിരിക്കാനുള്ള സത്വരനടപടികളിലേക്കും സർക്കാർ കടന്നു. പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന്‌ പ്രചരിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കൽ കോളേജ്‌ ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കാനുമാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്. ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകർക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികൾക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്‌. മുഖപ്രസം​​ഗത്തിൽ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button