
കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്.
മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സിപിഎം കൗൺസിലർ കലാ രാജുവിനും സ്വതന്ത്ര കൗൺസിലർ സുനിലിനും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ”പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തന്നോടാണ് സിപിഎം മുമ്പ് മോശമായി പെരുമാറിയത്. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ല. അയോഗ്യത നടപടികളെ നേരിടാൻ തയ്യാറാണെന്നും, ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും” കല രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാനെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കെടുക്കും.25 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കൂത്താട്ടുകുളത്തെ കക്ഷിനില.