KeralaNews

ബിന്ദുവിന്റെ വീട് നവീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം ; പ്രഖ്യാപനവുമായി മന്ത്രി ആര്‍ ബിന്ദു

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ബിന്ദുവിന് വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യം ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചു അറിയിച്ചതായി മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വീട് നവീകരണവുമായി ബന്ധപ്പെട്ട് നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുമനെന്നും മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത് എന്നും മന്ത്രി അറിയിച്ചു.
വീട് പണിക്കായി ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിന്റെ വീടു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നല്‍കുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്.

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിട്ടില്ലെങ്കിലും അടിയന്തര ധന സഹായമായി സര്‍ക്കാര്‍ 50000 രൂപ അനുവദിച്ചിരുന്നു. സംസ്‌കാര ചടങ്ങിന്റെ ചെലവിന് എന്ന പേരിലാണ് 50,000 രൂപ നല്‍കുമെന്നായിരുന്നു മന്ത്രി വാസവന്‍ അറിയിച്ചത്. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും വാസവന്‍ പറഞ്ഞു. അതേസമയം, ബിന്ദുവിന്റെ കുടുംബത്തിനു കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നായിരുന്നു ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button