
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന പാരിയത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായിരിക്കുകയാണ്. 58 വർഷം നീണ്ട സങ്കീർണമായ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുവിഭാഗവും അംഗീകരിക്കുകയും സമ്മതപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നത്തിന് പരിഹാരമായത്. മന്ത്രി റോജിഎം.ജോണിന്റെ സാന്നിധ്യത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന ചർച്ചകൾക്കൊടുവിലാണ് ഈ സമവായ തീരുമാനം ഉണ്ടായത്.
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പാരിയത്തുകാവ് നിവാസികളായ ഏഴ് കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ഈ കുടുംബങ്ങൾ താമസിക്കുന്ന വസ്തുവിനോട് ചേർന്ന് തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി വീതം വിട്ടുനൽകാൻ ചർച്ചയിൽ തീരുമാനമായി. തുടർന്ന് ഈ ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റിൽ കുറയാത്ത പുതിയ വീടുകൾ സർക്കാർ മുൻകൈയെടുത്ത് നിർമിച്ച് നൽകും. സ്പോൺസർഷിപ്പ് അടിസ്ഥാനത്തിലാകും ഇതിനുള്ള ഫണ്ട് കണ്ടെത്തുക. ഒരു വർഷത്തിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വീടുകളിലേക്കും ഭൂമിയിലേക്കും സുഗമമായി എത്തിച്ചേരുന്നതിനായി മൂന്ന് മീറ്റർ വീതിയുള്ള പുതിയ വഴി അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ യാതൊരു തടസങ്ങളുമില്ലാതെ തുടരാൻ ഈ ഏഴ് കുടുംബങ്ങൾക്ക് സാധിക്കും. പുതിയ വീടുപണി പൂർത്തിയാകുന്നതോടെ ഇവർ അവിടേക്ക് മാറും. കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ കോടതികളിലായി നിലനിൽക്കുന്ന മുഴുവൻ സിവിൽ-ക്രിമിനൽ കേസുകളും പിൻവലിക്കാനും ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിലുള്ള എല്ലാവിധ നിയമപരമായ തടസങ്ങളും നീങ്ങുകയും ശാശ്വതമായ സമാധാനം ഉറപ്പാവുകയും ചെയ്തു.



