
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെ പുതിയ ഉത്തരവുമായി കേരള സര്‍വ്വകലാശാല താത്കാലിക വി സി മോഹനന്‍ കുന്നുമ്മല്‍. വി സിക്കും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനും അഭിഭാഷകയെ നിയോഗിച്ചാണ് ഉത്തരവിറക്കിയത്. രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് സര്‍വ്വകലാശാലാ ഫണ്ടില്‍ നിന്നും അഭിഭാഷകയെ വെച്ചത്.
നിലവില്‍ മിനി കാപ്പന്‍ ഹര്‍ജിയില്‍ കക്ഷി അല്ല എന്നിരിക്കെയാണ് വി സിയുടെ നടപടി. അഭിഭാഷകയെ വെക്കാന്‍ സര്‍വ്വകലാശാലയുടെ ഫണ്ട് ഉപയോഗിക്കുന്നതിനായാണ് വി സി ഉത്തരവിറക്കിയത്. അഡ്വ. ഗിരിജ ഗോപാല്‍ ആണ് വി സിക്കും വി സി ചുമതല നല്‍കിയ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനുമായി ഹൈക്കോടതിയില്‍ ഹാജരാവുക.
ഡെപ്യൂട്ടി രജിസ്ട്രാറാണ് വി സിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തരവ് ഇറക്കിയത്. ഹര്‍ജിയില്‍ സര്‍വ്വകലാശാലയുടെ വിശദീകരണം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.