
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ നടിയെ ചോദ്യം ചെയ്തു. ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഫോൺ വഴി വിവരങ്ങൾ തേടിയത്. പാലക്കാട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിലാണ്. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് യുവനടിയുടെ കാറാണെന്ന് കണ്ടെത്തിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണ്, അതിനാലാണ് കാർ കൊടുത്തത് എന്ന വിവരമാണ് നടി SIT സംഘത്തിന് നൽകിയിരിക്കുന്നത്.
നടി കേരളത്തിന് പുറത്തായതിനാൽ, ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം (SIT) നടിയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുള്ളത്. ഈ കാർ ബാംഗ്ലൂരിലുള്ള യുവനടിയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുവനടി പാലക്കാട്ടെ രാഹുൽ മങ്കൂട്ടത്തിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ തർക്കലിടലിന് (ഉദ്ഘാടനത്തിന്) ഒരു മാസം മുൻപ് എത്തിയിരുന്നു. ഈ സമയത്ത് ഉപയോഗിച്ച കാർ അതിനുശേഷം പാലക്കാട് നിന്നും കൊണ്ടുപോയിട്ടില്ല.
കാർ ഒരു മാസത്തോളം പാലക്കാട് ജില്ലയിൽ തന്നെ ഉണ്ടായിരുന്നു. ഇതിൽ രണ്ടാഴ്ചയോളമായി രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഫ്ലാറ്റിലും, അതിനു മുൻപേ പാലക്കാട്ടെ ചില കോൺഗ്രസ് നേതാക്കളുടെ വീട്ടിലുമാണ് ഈ കാർ ഉണ്ടായിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളെ അടക്കം ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. രാഹുലിനെ രക്ഷപ്പെടാൻ ഈ കോൺഗ്രസ് നേതാക്കൾ സഹായം ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.


