
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒഎ) തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം പരാതി നൽകിയിരുന്നു.
എന്നാൽ, ഈ പരാതി വരണാധികാരി തള്ളി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരിഗണിച്ചാണ് തീരുമാനം. അതേസമയം, ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക ഞായറാഴ്ച പുറത്തിറക്കും.
ഡിസംബർ അഞ്ചിനാണ് ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ്. ഇതിനുമുന്നോടിയായി ഐഒഎ ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായ പി ടി ഉഷയ്ക്ക് അപ്രതീക്ഷിത തോൽവിയാണുണ്ടായത്. ജനറൽ കൗൺസിലിലെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്(എസ്ഒഎം) വിഭാഗം വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിലാണ് പി ടി ഉഷ പരാജയപ്പെട്ടത്.
അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നേവാൾ എന്നിവരാണ് ഈ വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പി ടി ഉഷയ്ക്ക് ജനറൽ കൗൺസിലിലേക്ക് എത്താനുള്ള സാധ്യതകൾ മങ്ങി. എന്നാൽ, ഇതിനുപിന്നാലെയാണ് നാടകീയനീക്കത്തിലൂടെ ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി പി ടി ഉഷയെ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്.



