14ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ഇതോടെ ഓസ്‌ട്രോലിയ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ഫീൽഡിംഗിന് അയച്ചു. തുടർച്ചയായ 14ാം തവണയാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ ടീം മാറ്റമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഓസീസ് രണ്ട് മാറ്റങ്ങളോടെയാണ് കളിക്കുന്നത്. കളിച്ച 3 മത്സരങ്ങളും എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്പിൻ ആക്രമണമാകും ഓസീസിന്റെ പ്രധാന വെല്ലുവിളി.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമീപകാലത്തെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ മുൻതൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ആധിപത്യം പുലർത്താൻ അവർക്ക് കഴിയുന്നുണ്ട്. പ്രമുഖ താരങ്ങളുടെ അഭാവം ഒട്ടും അലട്ടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ചാമ്പ്യൻസ് ട്രോഫിയിലെ അവരുടെ പ്രകടനം.അതേസമയം ഇന്ന് ഓസീസിനോട് തോറ്റാൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ ക്യാപ്ടൻ രോഹിത് ശർമ്മ, വിരാട് കൊഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോയെന്ന ആകാംഷ ആരാധകർക്കുണ്ട്. ലോകകപ്പ് വിജയത്തിന് പിന്നാലെ മൂവരും ട്വന്റി 20യിൽ നിന്നും വിരമിച്ചിരുന്നു. മൂവരും 2027ലെ ഏകദന ലോകകപ്പ് വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.ഓസ്‌ട്രേലിയൻ ടീം: ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി, ഗ്ലെൻ മാക്‌സ്വെൽ,കൂപ്പർ കൊന്നോലി, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സാംഗ