
കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത് ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾ തീരുമാനിക്കും. കെ സുധാരകൻ്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



