
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ട് ചേര്‍ത്തെന്നും വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയതായി അദ്ദേഹം പറഞ്ഞു. ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് സുരേഷ് ഗോപിയുടെയും അനിയന്റെ കുടുംബം വോട്ട് ചേര്‍ത്തത്. പതിനൊന്നു വോട്ടുകളാണ് അവിടെ ചേര്‍ത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന കമ്പനിക്ക് കൊടുത്തെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂരില്‍ ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നുകൂടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേര്‍ക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാര്‍ഡ് നമ്പര്‍ 30 ല്‍ വോട്ട് ചേര്‍ത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളില്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കലക്ടര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായി അന്വേഷണം വേണം.
ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകള്‍ ചേര്‍ത്തു എന്നാണ്. 10 ഫ്‌ലാറ്റുകളിലായി അമ്പതോളം പരാതികള്‍ അന്ന് നല്‍കിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അത്തരമൊരു നീക്കം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി വ്യാപകമായി വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. നിരവധി വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബിജെപി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും 45 മുതല്‍ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.