News

ദില്ലിയിൽ വീണ്ടും വനിത മുഖ്യമന്ത്രി: രേഖ ​ഗുപ്ത മുഖ്യമന്ത്രിയാകും

ദില്ലി: രാജ്യതലസ്ഥാനം നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ  ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കര്‍. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ​ഗുപ്ത. ഇത്തവണ ഷാലിമാർ ബാ​ഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ​ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയിൽ ഭരണം പിടിച്ചെടുക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. വോട്ടെണ്ണി പതിനൊന്നാം നാളാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ​ഗുപ്ത എന്നിവരുടെ പേരുകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത്. 

നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ​ഗവർണർ ദില്ലി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ദില്ലിയെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ദില്ലി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.

20 സംസ്ഥാനങ്ങളിലെയും എൻഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. അതേസമയം ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവൽ മുഖ്യമന്ത്രി അതിഷിയെയും, ദില്ലി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button