
മലപ്പുറം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. ടീമിനെ എത്തിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണെന്നും, ആവശ്യമായ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പെയിനിലേക്ക് പോയതിന് 13 ലക്ഷം രൂപ ചെലവഴിച്ചെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനില്‍ മാത്രമല്ല പോയത്; ഓസ്ട്രേലിയ, ക്യൂബ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കായിക വികസനത്തിനായി കരാറുകള്‍ ഉണ്ടാക്കാനാണ് വിദേശയാത്രകള്‍ ചെയ്തത്. ഇത്തരത്തിലുള്ള യാത്രകള്‍ ഭരണസംവിധാനത്തിന്റെ ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി.
അര്‍ജന്റീനയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ പേരില്‍ പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ലെന്നും മന്ത്രി പറഞ്ഞു. കരാറിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കരാര്‍ ലംഘനം ആയിരിക്കും, അത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ചെയ്തത്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ മാധ്യമങ്ങള്‍ പരിഗണിക്കണം. വ്യക്തിഹത്യയ്‌ക്കോ തെറ്റായ ആരോപണങ്ങള്‍ക്കോ വിഷയത്തെ ഉപയോഗിക്കരുത്, മന്ത്രി അഭ്യര്‍ത്ഥിച്ചു.