KeralaNews

‘പിണറായിസം എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസം’, ഭാരതാംബ വിവാദം അനാവശ്യം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

വികസനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ( George Kurian ). കേരളത്തില്‍ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിവന്നു. ദേശീയപാത നിര്‍മാണത്തിലെ വീഴ്ചകള്‍ സ്വാഭാവികമാണ്. അത് പരിഹരിക്കും. ദേശീയപാതയുടെ ക്രെഡിറ്റ് ആര്‍ക്കെന്ന് പണി പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകും. മറ്റ് സംസ്ഥാനങ്ങള്‍ പോലെ കേരളം വികസിച്ചില്ല എന്ന കാര്യത്തിന്‍ ഇടതു- വലതു മുന്നണികള്‍ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷമാണ് അതിന്റെ ക്രെഡിറ്റിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. കേരളം വികസിക്കണമെങ്കില്‍ ബിജെപി വിജയിക്കണം. വികസനം കൊണ്ടുവരുമ്പോള്‍ തടയും എന്നതാണ് സിപിഎമ്മിന്റെ നിലപാട്. വ്യവസായശാലകള്‍ പൂട്ടും പൂട്ടിക്കും എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. പിണറായിസമെന്നാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘ഭാരതാംബയുടെ പേരിലുള്ള വിവാദം അനാവശ്യമായിരുന്നു. ഭാരതാംബ നമ്മുടെ അമ്മയാണ്. മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണ്. ചില മക്കള്‍ക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും. ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ആ വസ്ത്രം വേണ്ട എന്ന് പറയും. അത്രയേയുള്ളൂ. എല്ലാവരും ഭാരതാംബയെ അംഗീകരിക്കുന്നുണ്ട്. അതില്‍ ചിന്താക്കുഴപ്പമൊന്നുമില്ല’. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

‘എന്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലേ. മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ. അത് മക്കള്‍ക്ക് തീരുമാനിക്കാം. ഭാരതാംബ നമ്മുടെ അമ്മയാണ്. ഭാരതാംബയെ ഇങ്ങനെ മാറ്റിയാല്‍ മതിയായിരുന്നു, അങ്ങനെ മാറ്റിയാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്.’. ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button