
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.
കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിൽ ആകെ 6 പേർ ആണ് ഉണ്ടായിരുന്നത്. 7.50നാണ് ഇഡി സംഘം പിണറായിയുടെ വീടിനകത്തേക്ക് പ്രവേശിച്ചത്. പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, കെയർടേക്കർ നാണു എന്നിവരുടെ സഹായത്തോടെയാണ് അകത്തുകയറിയത്. 8.30ന് പരിശോധന ആരംഭിച്ചു. ഇരുവരും സാക്ഷികളായിരുന്നു. പരിശോധനയ്ക്കിടെ നാണുവിന്റെ മൊഴി രേഖപ്പെടുത്തുയും ചെയ്തു. കുറ്റകരമായ യാതൊരു രേഖയോ ഉപകരണങ്ങളോ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.



