
രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഈ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തുനിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലര്‍, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയാണ് അവ.
രജിസ്റ്റര്‍ ചെയ്ത 2854 പാര്‍ട്ടികളില്‍ നിന്ന് 334 പാര്‍ട്ടികളെ ഒഴിവാക്കിയതോടെ രാജ്യത്തെ അംഗീകാരമില്ലാത്ത രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 2520 ആയി. ഇവയ്ക്കു പുറമേ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും രാജ്യത്തുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എന്‍പിപി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍. കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം, മുസ്ലീലീഗ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ സംസ്ഥാന പാര്‍ട്ടികളുടെ പട്ടികയിലാണ്.
സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ ഈ പാര്‍ട്ടികളെ ഇനി രാഷ്ട്രീയ പാര്‍ട്ടികളായി കാണില്ല. ഈ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്ന ആദായനികുതി ഇളവ് അടക്കമുള്ള ആനൂകൂല്യം ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.