വെറും വയറ്റില്‍ വെള്ളം കുടിച്ചോളൂ, കാര്യമുണ്ട്
വെള്ളം കുടിക്കാന്‍ മടിയുളളവരാണോ നിങ്ങള്‍, അതോ വെളളമല്ലേ എപ്പോഴെങ്കിലുമൊക്കെ കുടിച്ചാല്‍ മതി എന്ന ചിന്തയുണ്ടോ? എന്നാല്‍ നിങ്ങളുടെ ചിന്ത തെറ്റാണ്. വെള്ളം ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ അത് കുടിക്കുന്നതിനും ചില രീതിയുണ്ട്. നമ്മുടെ ശരീരം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം ചെയ്യുന്ന എല്ലാ ആയാസമുളള പ്രവർത്തികളും ജലാംശം കുറയ്ക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് കൊടുക്കുന്ന ഊര്‍ജ്ജം തന്നെയാണ്. എന്തൊക്കെ ഗുണങ്ങളാണ് രാവിലെ വെളളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്നതെന്ന് നോക്കാം.
വിഷവസ്തുക്കളെ പുറംതള്ളുന്നു
രാത്രിയില്‍ ശരീരത്തില്‍ ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ മാലിന്യം അടിഞ്ഞുകൂടുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഈ വിഷവസ്തുക്കളെ പുറംതള്ളാന്‍ സഹായിക്കും.
മെറ്റബോളിസം വര്ദ്ധിപ്പിക്കുന്നുഏകദേശം 500 മില്ലി വെള്ളം കുടിക്കുന്നത് 30-40 മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ മെറ്റബോളിസം 30 ശതമാനം വരെ വേഗത്തിലാക്കുമത്രേ. അതായത് നിങ്ങള്‍ വെറുവയറ്റില്‍ വെളളം കുടിക്കുമ്പോള്‍ ശരീരത്തിലെ കലോറി കത്തിച്ച് കളയുകകൂടിയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മലബന്ധം തടയുന്നു
പ്രഭാത ഭക്ഷണത്തിന് മുന്പുളള വെള്ളം കുടി നിങ്ങളുടെ ദഹന വ്യവസ്ഥയെ ഉണര്‍ത്തുകയും ഭക്ഷണത്തെ സ്വീകരിക്കുന്നതിനായി ആമാശയത്തെ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് മലബന്ധം തടയാന്‍ സഹായിക്കുന്നുമുണ്ട്.
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു
രാവിലെ എഴുന്നേറ്റാല്‍ ഉന്മേഷമില്ലായ്മയും മന്ദതയുമൊക്കെ നിങ്ങളെ അലട്ടുന്നുണ്ടോ? അതിന് കാരണമിതാണ്. നമ്മുടെ തലച്ചോറില്‍ 75 ശതമാനം വെള്ളമുണ്ട് . നേരിയ നിര്‍ജലീകരണം പോലും ചിന്തയെ മന്ദഗതിയിലാക്കും.ഇത് വേഗത്തില്‍ ദേഷ്യം വരാനും ഏകാഗ്രത കുറയാനും കാരണമാകും. അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് തലച്ചോറിന് ഏറെ ഫലപ്രദമാണ്.
ചര്‍മ്മത്തിന് തിളക്കം നല്‍കും
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് സൗന്ദര്യത്തെ കാത്തുസൂക്ഷിക്കും. ചര്‍മ്മം വരണ്ടിരിക്കുകയാണെന്ന് തോന്നുന്നവര്‍ ഇനി മുതല്‍ എല്ലാ ദിവസവും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളംകൂടി കുടിച്ചോളൂ. ഇത് ചര്‍മ്മത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു