News

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.

ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവിൽ ശാന്തനായാണ് കാണുന്നത്. ആദ്യം ആനയ്ക്ക് നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇൻഫക്ഷൻ ആയത്. ആന മയങ്ങി വീണത് ഗുണം ചെയ്തു. സ്പോട്ടിൽ വച്ച് തന്നെ ചികിത്സ നൽകാനായി. പഴുപ്പ് പൂർണമായും നീക്കം ചെയ്തു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. 

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റി. കോടനാട്ടിലേക്ക് എത്തിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button