
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. രാഹുല്‍ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നോട്ടീസില്‍ പറയുന്നു. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടര്‍നടപടി. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡികെ മുരളി എംഎല്‍എ പരാതി നല്‍കിയത്. പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ നിയമസഭാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണമെന്നും അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.



