NationalNews

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയതായി മൂന്ന് മാധ്യമപ്രവർത്തകരുടെ പരാതി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു.

ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കാട്ടിയാണ് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.സംഭവത്തിൽ അന്വേഷണത്തിനായി പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിനായാണ് ജില്ലാ പോലീസ് ഈ പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

അസിസ്റ്റന്റ് കമ്മിഷണറായ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു മാധ്യമപ്രവർത്തകയുടെ പരാതി. പോലീസ് നടപടി ചിത്രീകരിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥൻ അനുചിതമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തതായി അവർ ആരോപിച്ചു. തുടർന്ന് പരാതി നൽകുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും മാധ്യമപ്രവർത്തക ആരോപിച്ചു.’പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നുണ്ടായിരുന്നു, സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ഞാൻ എസിപിയോട് ചോദിച്ചു. അദ്ദേഹം എന്നെ ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തു’ മാധ്യമപ്രവർത്തക പിടിഐയോട് പ്രതികരിച്ചു. എസിപിയുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള പോലീസിന്റെ പെരുമാറ്റത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ‘ഞെട്ടലും നടുക്കവും’ രേഖപ്പെടുത്തി. പരാതിയിൻമേൽ ഉടൻ നടപടിയെടുക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.വിഷയത്തിൽ, ജന്തർ മന്തറിലേക്ക് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ തുടങ്ങിയ സംഘടനകൾ നടത്തിയ മാർച്ച് തടഞ്ഞ പോലീസ്, അറസ്റ്റ് ചെയ്ത് നീക്കി. എസിപിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button