
കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 350 ൽ നിന്ന് 400 ആക്കി വർധിപ്പിച്ചു. നിലവിൽ കയർപിരി സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു കിലോ കയറിന് 3.5 മുതൽ 6.5 രൂപ വരെ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പരമ്പരാഗത ഇ-റാട്ടിൽ പ്രവർത്തിക്കുന്ന കയർ പിരി തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച വിവരം മന്ത്രി പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിൻ്റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കയർ. കയർ വ്യവസായത്തെ കൂടുതൽ ശക്തിയോടെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ കൂലി നൽകുന്നതിനായി 3.5 കോടി രൂപ ചെലവായി കണക്കാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കയർ സംഘങ്ങൾക്ക് ആവശ്യമായ അളവിൽ ഗുണനിലവാരമുളള ചകിരിനാര് യഥാസമയം ലഭ്യമാക്കുന്നതിനു വേണ്ടി 5 കോടി രൂപയുടെ കയർ ഫൈബർ ബാങ്ക് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 423 കയർപിരി സംഘങ്ങളും, 33 മാറ്റ്സ് & മാറ്റിംഗ്സ് സംഘങ്ങളും, കയർ ഉത്പന്ന നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന 49 ചെറുകിട സംഘങ്ങളും ഉൾപ്പെടുന്ന കേരളത്തിലെ കയർ വ്യവസായത്തിന് അതിന്‍റെ പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നതിന് ഏകദേശം 12 ലക്ഷം ക്വിന്‍റൽ ചകിരി നാര് പ്രതിവർഷം ആവശ്യമാണ്. ഇത്രയും വലിയ അളവിൽ കേരളത്തിൽ ചകിരിനാര് ഉൽപ്പാദിപ്പിക്കുന്നില്ല.
ഈ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ കയർ സംഘങ്ങൾക്ക് ആവശ്യമായ അളവിൽ ഗുണനിലവാരമുളള ചകിരിനാര് യഥാസമയം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 5 കോടി രൂപയുടെ കയർ ഫൈബർ ബാങ്ക് പദ്ധതി. വർഷത്തിൽ രണ്ട് തവണ ടെണ്ടർ ചെയ്യുന്ന ചകിരിനാര് NCRMI യുടെ സഹായത്തോടെ ഗുണ നിലവാരം ഉറപ്പാക്കി കയർസംഘങ്ങൾക്ക് നൽകും. സംഘങ്ങൾക്ക് പണം തിരിച്ചടക്കുന്നതിനായി 45 ദിവസത്തെ സാവകാശവും ലഭ്യമാക്കും. പദ്ധതി ആരംഭത്തിനായി 1.25 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.