KeralaNews

പിഎം ശ്രീ പദ്ധതി : ധാരണാപത്രം ഒപ്പുവെച്ചതിനെപ്പറ്റി മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് എംഎ ബേബി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിനെപ്പറ്റി മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രം പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഉപസമിതി അതിന്റെ ജോലി ചെയ്യുന്ന മുറയ്ക്ക് ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്തത ഉണ്ടാകുമെന്ന് എംഎ ബേബി പറഞ്ഞു.

പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ വന്നിട്ടില്ല. പിബി കൂടാന്‍ പോകുന്നതല്ലേയുള്ളൂ എന്നും ബേബി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രസക്തിയില്ല. ഞങ്ങളെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. രാഷ്ട്രീയ വ്യത്യാസമെന്യേ എല്ലാവരുമായും സൗഹൃദമുള്ളയാളാണ് താന്‍.

സിപിഐ സഖാക്കളെന്നു പറഞ്ഞാല്‍ സഹോദരന്മാരെപ്പോലെയാണ്. സംസാരിക്കുന്നതിന് ഇടയ്ക്ക് പ്രത്യേക സാഹചര്യത്തില്‍ ചില വാക്കുകള്‍ വായില്‍ നിന്നും വീണത്, അതിന് ആ അര്‍ത്ഥമേ ഉള്ളൂവെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കും തനിക്കും കഴിയുമെന്നും എംഎ ബേബി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുകയാണ്. അതിനിടയ്ക്ക് ഓരോരുത്തരുടേയും പങ്കാളിത്തത്തിലുള്ള ജാഗ്രതയുടേയും ശ്രദ്ധയുടേയും അളവ് സെന്റിമീറ്റര്‍ കണക്കില്‍ നോക്കേണ്ടതില്ല. ഷേക്‌സ്പിയറിന്റെ വളരെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. ”നന്നായി പര്യവസാനിച്ചത് എല്ലാം എല്ലാവര്‍ക്കും നല്ലത്”. അതേ തനിക്കും പറയാനുള്ളൂ. എംഎ ബേബി കൂട്ടിച്ചേർത്തു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ പറഞ്ഞതില്‍ ഒരു പ്രസക്തിയുമില്ല. വിഡി സതീശന് വീണുകിട്ടിയ സൗഭാഗ്യമാണ് ഈ വാര്‍ത്ത. ഇപ്പോള്‍ വിഡി സതീശനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്തൊക്കെയോ പറഞ്ഞത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതെല്ലാം വിഡി സതീശനും കോണ്‍ഗ്രസും പരിഹരിക്കട്ടെ എന്നു മാത്രമേ അവരോട് പറയാനുള്ളൂവെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button