
ഇടഞ്ഞുനില്‍ക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഎം. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ സി എസ് സുജാത രാവിലെ ജി സുധാകരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും സുജാതയ്ക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇന്നലെ ഫോണില്‍ വിളിച്ച് സുധാകരനെ പരിഹസിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു.
അതിനിടെ നാളെ നടക്കുന്ന പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങില്‍ ജി സുധാകരനെ മുഖ്യാതിഥിയായി ക്ഷണിച്ചു. സുധാകരന്റെ പേരും പാലം ഉദ്ഘാടന ചടങ്ങിലെ നോട്ടീസില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് ആണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷം വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്, പി പ്രസാദ്, കെസി വേണുഗോപാല്‍ എംപി, മുന്‍ മന്ത്രി തോമസ് ഐസക്ക് തുടങ്ങിയവരുടെ പേരും നോട്ടീസിലുണ്ട്. ആദ്യഘട്ടത്തില്‍ പിആര്‍ഡി പുറത്തിറക്കിയ നോട്ടീസില്‍ ജി സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണ് പുതിയ നോട്ടീസ് തയ്യാറാക്കിയത്.
ജില്ലയിലെ പല പരിപാടികളിലും തന്നെ ക്ഷണിക്കാതെ അവഗണിക്കുകയാണെന്നാണ് ജി സുധാകരന്റെ പരാതി. പാര്‍ട്ടിയുടെ അവഗണനയില്‍ മനംമടുത്ത് പാര്‍ട്ടി അംഗത്വം ഇനി പുതുക്കുന്നില്ലെന്നും ജി സുധാകരന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. നേരത്തെ തോട്ടപ്പള്ളി പാലത്തിന്റെയും, ആലപ്പുഴയിലെ മുപ്പാലം നാല്‍പ്പാലമാക്കിയപ്പോഴുള്ള ഊദ്ഘാടന ചടങ്ങുകളില്‍ നിന്നെല്ലാം സുധാകരനെ അവഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുതിര്‍ന്ന നേതാവായ ജി സുധാകരന് ഇടഞ്ഞുനില്‍ക്കുന്നത്, ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീവ്രശ്രമം നടത്തുന്നത്.



