
സംസ്ഥാനത്ത് സിപിഐ എം നേതാക്കളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കും.സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിവിധയിടങ്ങളിൽ സന്ദർശനത്തിന് നേതൃത്വം നൽകും.
തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി പരിധിയിൽ എം.എ ബേബിയും, വെള്ളറടയിൽ എം.വി ഗോവിന്ദനും ഇന്ന് രാവിലെ ഗൃഹസന്ദർശനം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർന്നുകൂടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരണങ്ങൾ മതനിരപേക്ഷത തകർക്കുന്നതും വിശ്വാസത്തെ രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്യുന്നതുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തും. വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽതലങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കും.
ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ നിർദ്ദേശങ്ങളും പരാതികളും കേൾക്കാനും നേതാക്കൾ വീടുകളിൽ എത്തും. ഇന്ന് ആരംഭിക്കുന്ന ഈ സന്ദർശന പരിപാടി ജനുവരി 22 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരും. താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ സംസ്ഥാന നേതാക്കൾ വരെ ഈ ജനസമ്പർക്ക പരിപാടിയുടെ ഭാഗമാകും.
cpim,
KERALA,



