Kerala

പ്രതിഭകൾക്ക് ആദരവുമായി സിപി ട്രസ്റ്റ്; ‘നക്ഷത്രത്തിളക്കം’ നാളെ മതിലകത്ത്

തൃശ്ശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ‘എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് 2025’ സംഘടിപ്പിക്കുന്നു. ‘നക്ഷത്രത്തിളക്കം’ എന്ന് പേരിട്ടിരിക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് ജൂൺ 8-ന് (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസയിൽ നടക്കും.

2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും.

പ്രശസ്ത ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാർത്ഥികളുമായി സംവദിക്കാനും പുരസ്കാരങ്ങൾ നൽകാനുമായി കുഞ്ചാക്കോ ബോബനൊപ്പം താരങ്ങളായ റഹ്മാൻ, കാവ്യാ മാധവൻ, രമേഷ് പിഷാരടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ ആദരിക്കും. നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾക്ക് പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് പുരസ്കാര ദാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button