KeralaNews

ബിഎല്‍എം നിക്ഷേപ തട്ടിപ്പ്; ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെതിരെ കേസ്, ജാമ്യം അനുവദിച്ചു

ബിഎല്‍എം നിക്ഷേപ തട്ടിപ്പില്‍ കമ്പനി ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് പ്രേംകുമാറിന് കോടതി ജാമ്യം നൽകി. ഭീഷണിപ്പെടുത്തല്‍, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കേസില്‍ അറസ്റ്റിലായ പ്രേംകുമാറിനെ കോഴിക്കോട് ഓഫീസിലെത്തിച്ചതിന് ശേഷം മെഡിക്കല്‍ പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം പ്രേംകുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, കുറച്ചുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഎല്‍എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും നിക്ഷേപകര്‍ക്ക് തന്നെ വളരെ നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രേംകുമാര്‍ അറസ്റ്റിലായത്. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തിയാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം.

ഏകദേശം 5000 കോടി രൂപയുടെ ഫണ്ടാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. നിരന്തരമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു. പ്രേംകുമാറിനെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് പ്രേംകുമാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button