KeralaNews

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു.

അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം.

ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകൽ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ പൊലീസ് കൊലപാതകം, സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകൾ ചുമത്തി സതീഷിനെതിരെ കേസെടുത്തിരുന്നു.

സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചിരുന്നു. അതുല്യയുടെ മരണം വിവാദമായതോടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും ഷാർജയിലെ കമ്പനി പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button