KeralaNews

നിയമസഭ തെരഞ്ഞെടുപ്പ്; ഉടൻ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും. ബെന്നി ബഹ്നാന്‍ എംപിയുടെ പേരിനാണ് മുന്‍ഗണന. കെസി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്‍റെ പേര് ഉയര്‍ന്നെങ്കിലും പകരം ചുമതല നല്‍കുമ്പോഴും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാകും നീക്കം.

ഇന്നലെ പ്രഖ്യാപിച്ച പ്രകടനപത്രിക സമിതിയുടെ ചെയര്‍മാനാണ് ബെന്നി ബെഹ്നാന്‍. ആന്‍റോ ആന്‍റണിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും പോറ്റി വിവാദവും, എന്‍എം രാജുവിന്‍റ വെളിപ്പെടുത്തലടക്കം വിനയായെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button