
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു.
താമര വിരിഞ്ഞു. ബിജെപി പ്രവർത്തകർ ചരിത്രമെഴുതിയെന്നും മോദി കൂട്ടിച്ചേർത്തു. നിതിൻ നവീൻ്റെ സ്ഥാനാലബ്ധിക്ക് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തലത്തിൽ നിതിൻ നവീനിനേയും മോദി അഭിനന്ദിച്ചു. ജയപരാജയങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇന്ത്യ എന്തുകൊണ്ട് ജനാധിപത്യത്തിൻ്റെ അമ്മ എന്ന് തെളിയിച്ചു. ഇത് നമ്മുടെ സംസ്കാരം എന്ന് തെളിയിച്ചു. ഭരണഘടന കൂടിയാണ് വിജയിച്ചത്. 93 % പോളിങ് എന്നത് ചരിത്രപരമാണ്. കേരളത്തിൽ അടക്കം പുതിയ റെക്കോഡ് ഇട്ടു. വനിതാ പ്രാതിനിധ്യം കൂടിയെന്നും പറഞ്ഞ മോദി തെരഞ്ഞെടുപ്പ് കമ്മീഷനേയും അഭിനന്ദിച്ചു.
എല്ലാ ഉദ്യോഗസ്ഥർക്കും, സുരക്ഷാ ഉദ്യോഗസ്ഥർക്കും അഭിനന്ദനം. ബിഹാർ തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിൽ ഞാൻ ഇവിടെ നിന്ന് തന്നെ പറഞ്ഞു. ഗംഗ ബിഹാറിൽ നിന്നും മുന്നോട്ട് പോയാണ് കടലിൽ എത്തുന്നത് എന്ന്. ബംഗാളിലും താമര വിരിയിച്ചാണ് ഗംഗ ഒഴുകുന്നത്. നിലവിൽ രാജ്യത്ത് 20ലധികം സംസ്ഥാനങ്ങൾ എൻഡിഎ ഭരിക്കുന്നുണ്ട്. എവിടെയാണോ ബിജെപി അവിടെയാണ് വികസനം. ഇത് ജനം അംഗീകരിച്ചു. ഇന്ന് മുതൽ ബംഗാൾ അക്രമത്തിൽ നിന്നും മുക്തമായി. ബംഗാളിൽ മാറ്റം വന്നു. കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ എത്ര സഹിച്ചു, എത്രയോ അപമാനങ്ങൾ സഹിച്ചു. ഇപ്പോൾ ബംഗാളിൽ നേടിയ വിജയം അവർക്ക് സമർപ്പിക്കുന്നു. ബംഗാളിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു. ബംഗാളിലെ ജനങ്ങൾ പ്രീണന അക്രമ രാഷ്ട്രീയം തള്ളി കളഞ്ഞു. വികസനത്തിൻ്റെ രാഷ്ട്രീയം അംഗീകരിച്ചു. ബംഗാളിൽ ജനങ്ങൾക്ക് ജോലി ലഭിക്കും, പലായനം നിലയ്ക്കും നുഴഞ്ഞുകയറ്റം നിർത്തുമെന്നും മോദി പറഞ്ഞു.



