KeralaNews

വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും; ചെന്നിത്തല

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ല. ഇത്ര ഗതികെട്ട ആരോഗ്യ വകുപ്പിനെ വേറെ കണ്ടിട്ടില്ല. സര്‍ക്കാര്‍ അന്വേഷണം നടത്തണം. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. കൊലക്കുറ്റത്തിന് കേസ് എടുക്കണം ഒരു നല്ല ഡോക്ടറും വേണുവിനെ കണ്ടിട്ടില്ല. പാവങ്ങള്‍ക്ക് നീതിയില്ല – രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, വേണു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button