
ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തതോടെ പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ. പരസ്യ പ്രതികരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് വരണാധികാരി അഡ്വ കെ മനോജ് ചന്ദ്രന്റെ മുന്നറിയിപ്പ്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അമ്മയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചേരിതിരിഞ്ഞ് താരങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. പലരും മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബുവും ഉഷ ഹസീനയും രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടിയെന്നോണം മാല പാർവതിയടക്കമുള്ള നടിമാർ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ പരസ്യമായ ആരോപണങ്ങളിലേക്ക് കടന്നതോടു കൂടിയാണ് വരണാധികാരിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 15 ന് രാവിലെ 11 മണി മുതലാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുക. വൈകിട്ടോടു കൂടി ഫലവും പ്രഖ്യാപിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തതും വാർത്തയായി മാറിയിരുന്നു. കേസിന് പിന്നിൽ നടൻ ബാബുരാജ് ആണെന്ന് ആരോപിച്ച് മാല പാർവതി രംഗത്തെത്തിയിരുന്നു. ദേവൻ, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.