
വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. എംഎൽഎമാരും മുതിർന്ന നേതാക്കളും പറഞ്ഞ അഭിപ്രായം ഹൈക്കമാൻഡിന് മുന്നിൽ എത്തിച്ചു. ഹൈക്കമാൻഡും നിരവധി പേരെ വിളിപ്പിച്ച് അഭിപ്രായം തേടിയെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.
വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള കാരണം തനിക്ക് പറയാനാകില്ല. ഹൈക്കമാൻഡാണ് തങ്ങളെ നിയോഗിച്ചത്. ഹൈക്കമാൻഡ് തീരുമാനമാണ് പുറത്തുവന്നത്. രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല. സത്യപ്രതിജ്ഞ സംബന്ധിച്ച തീയതി അന്തിമമാക്കിയിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ദീപാദാസ് മുൻഷി പ്രതികരിച്ചു. വൈകിട്ട് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിൽ കേരളത്തിൻ്റ ചുമതലയുള്ള എഐസിസി നേതാവുകൂടിയായ ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കും. ചാർട്ടേഡ് വിമാനത്തിലാണ് നേതാക്കൾ ദില്ലിയിൽനിന്ന് കേരളത്തിലേക്ക് എത്തുക.
ദിവസങ്ങൾ നീണ്ട കുടിയാലോനയ്ക്ക് ശേഷമാണ് ഹൈക്കമാൻഡ് വി ഡി സതീശന്റെ പേരിലേക്ക് എത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും ജനവികാരവും മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് ഹൈക്കമാൻഡ് സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉറപ്പിച്ചത്. ബുധനാഴ്ച രാത്രിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അവസാനവട്ട കൂടിയാലോചനകളിലാണ് കോൺഗ്രസ് നേതൃത്വം വി ഡി സതീശന്റെ പേരിലേക്ക് എത്തിയത്. കേരളത്തിലെ ജനവികാരം വി ഡി സതീശന് അനുകൂലമാണെന്ന ഘടകം ഉൾപ്പെടെ ഹൈക്കമാൻഡ് പരിഗണിച്ചു. വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലുമായി മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിച്ചുവെന്നാണ് വിവരം.



